ദൃശ്യകലാസ്വാധീനം തെരഞ്ഞെടുത്ത പാഠഭാഗങ്ങളിൽ
കലയും സംസ്കാരവും തമ്മിലുള്ള ബന്ധം വിത്തും വൃക്ഷവും പോലെയാണ്. മനുഷ്യവളർച്ചയുടെ സൃഷ്ടിയാണ് കലകൾ. താളബോധവും നാദഭംഗിയും ദൃശ്യസൗന്ദര്യവും സംയോജിച്ച കലകളുടെ സ്വാധീനം മനുഷ്യജീവിതത്തിന്റെ ഓരോ ഏടിലും ഉൾച്ചേർന്നിരിക്കുന്നു. ദൃശ്യകലകളുടെയും ശ്രവ്യകലകളുടെയും സമ്മിശ്രരൂപമാണ് ദൃശ്യ-ശ്രവ്യകലകൾ. ഒരേ സമയം കാണാനും കേൾക്കാനും സാധിക്കുന്ന കലകളാണിവ. കലാരൂപങ്ങളും സംസ്കാരവും പരസ്പരപൂരകങ്ങളായി വർത്തിക്കുമ്പോൾ വിദ്യാഭ്യാസമേഖലയിൽ ഇവയുടെ പ്രാധാന്യം വളരെ വലുതാണ്.മാറി വരുന്ന പാഠ്യപദ്ധതിയിൽ വളരെയധികം സ്വാധീനം ചെലുത്തുന്നവയാണ് ദൃശ്യകലകളെക്കുറിച്ചുള്ള പഠനം. കേരളീയസംസ്കാരത്തിന്റെ ഭൂരിഭാഗം ഈടുവയ്പ്പുകളും നിലകൊള്ളുന്നത് ദൃശ്യകലാരൂപങ്ങളിലാണ് എന്ന് നിസ്സംശയം പറയാം. മാതൃഭാഷാബോധനത്തിൽ ദൃശ്യകലാസ്വാധീനം വളരെ വലുതാണ്. എട്ടാം തരത്തിലെ ഭാഷാപാഠപുസ്തകങ്ങളിലെ ദൃശ്യകലാസ്വാധീനം എപ്രകാരമാണെന്ന് നോക്കിയാൽ കീർത്തിമുദ്ര, കിട്ടും പണമെങ്കിലിപ്പോൾ എന്നീ പാഠഭാഗങ്ങളിൽ ഇത്തരം കാര്യങ്ങൾ കാണാൻ സാധിക്കും. എട്ടാംതരം കേരളപാഠാവലിയിലെ ഒന്നാം ഏകകമായ "മാനവികതയുടെ മഹാഗാഥകൾ" എന്ന ഏകകത്തിലെ രണ്ടാം ഉപഏകകമാണ് "കീർത്തിമുദ്ര ". ഉണ്ണികൃഷ്...