ദൃശ്യകലാസ്വാധീനം തെരഞ്ഞെടുത്ത പാഠഭാഗങ്ങളിൽ
കലയും സംസ്കാരവും തമ്മിലുള്ള ബന്ധം വിത്തും വൃക്ഷവും പോലെയാണ്. മനുഷ്യവളർച്ചയുടെ സൃഷ്ടിയാണ് കലകൾ. താളബോധവും നാദഭംഗിയും ദൃശ്യസൗന്ദര്യവും സംയോജിച്ച കലകളുടെ സ്വാധീനം മനുഷ്യജീവിതത്തിന്റെ ഓരോ ഏടിലും ഉൾച്ചേർന്നിരിക്കുന്നു.
ദൃശ്യകലകളുടെയും ശ്രവ്യകലകളുടെയും സമ്മിശ്രരൂപമാണ് ദൃശ്യ-ശ്രവ്യകലകൾ. ഒരേ സമയം കാണാനും കേൾക്കാനും സാധിക്കുന്ന കലകളാണിവ. കലാരൂപങ്ങളും സംസ്കാരവും പരസ്പരപൂരകങ്ങളായി വർത്തിക്കുമ്പോൾ വിദ്യാഭ്യാസമേഖലയിൽ ഇവയുടെ പ്രാധാന്യം വളരെ വലുതാണ്.മാറി വരുന്ന പാഠ്യപദ്ധതിയിൽ വളരെയധികം സ്വാധീനം ചെലുത്തുന്നവയാണ് ദൃശ്യകലകളെക്കുറിച്ചുള്ള പഠനം. കേരളീയസംസ്കാരത്തിന്റെ ഭൂരിഭാഗം ഈടുവയ്പ്പുകളും നിലകൊള്ളുന്നത് ദൃശ്യകലാരൂപങ്ങളിലാണ് എന്ന് നിസ്സംശയം പറയാം. മാതൃഭാഷാബോധനത്തിൽ ദൃശ്യകലാസ്വാധീനം വളരെ വലുതാണ്.
എട്ടാം തരത്തിലെ ഭാഷാപാഠപുസ്തകങ്ങളിലെ ദൃശ്യകലാസ്വാധീനം എപ്രകാരമാണെന്ന് നോക്കിയാൽ കീർത്തിമുദ്ര, കിട്ടും പണമെങ്കിലിപ്പോൾ എന്നീ പാഠഭാഗങ്ങളിൽ ഇത്തരം കാര്യങ്ങൾ കാണാൻ സാധിക്കും.
എട്ടാംതരം കേരളപാഠാവലിയിലെ ഒന്നാം ഏകകമായ "മാനവികതയുടെ മഹാഗാഥകൾ" എന്ന ഏകകത്തിലെ രണ്ടാം ഉപഏകകമാണ് "കീർത്തിമുദ്ര ". ഉണ്ണികൃഷ്ണൻ പുതൂർ രചിച്ച പ്രസ്തുത പാഠഭാഗം ചെറുകഥാപ്രസ്ഥാനത്തിൽ ഉൾപ്പെടുന്നു. കലയെ ജീവിതസപര്യയാക്കി മാറ്റിയ കൃഷ്ണനാട്ടകലാകാരന്റെ കഥ പറയുന്നു. താൻ നിറഞ്ഞാടിയ വേദിയിൽ തന്നെ മരണത്തിനു കീഴടങ്ങുന്ന, കലയ്ക്കായ് സർവ്വവും സമർപ്പിച്ച കലാകാരന്റെ അർപ്പണബോധവും പ്രസ്തുത പാഠഭാഗത്തിൽ ആവിഷ്കരിക്കുന്നുണ്ട്. ഉണ്ണികൃഷ്ണൻ പുതൂരിന്റെ 'അനുഭവങ്ങളുടെ നേർരേഖകൾ' എന്ന പുസ്തകത്തിൽ നിന്നെടുത്തതാണ് പ്രസ്തുത പാഠഭാഗം.
എട്ടാം തരത്തിലെ അടിസ്ഥാന പാഠാവലിയിലെ മൂന്നാം ഏകകമായ 'കണ്ണു വേണമിരുപുറമെപ്പൊഴും എന്ന ഏകകത്തിലെ രണ്ടാം ഉപഏകകമാണ് 'കിട്ടും പണമെങ്കിലിപ്പോൾ'. ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടി ചേർത്ത് ചേർത്ത് സാമൂഹ്യവിമർശനത്തിന്റെ ശരങ്ങൾ എയ്യുന്ന കുഞ്ചൻ നമ്പ്യാരുടെ 'ധ്രുവചരിതം' തുള്ളൽ കൃതിയിലെ ഒരു ഭാഗമാണ് പ്രസ്തുത പാഠഭാഗം. ധ്രുവൻ കാട്ടിലലയുന്ന സമയത്ത് നാരദമുനി നാട്ടിലെ ജീവിതാവസ്ഥകളെപ്പറ്റിയും മനുഷ്യന്റെ ദുർമോഹങ്ങളെപ്പറ്റിയും ധ്രുവനോട് പറയുന്ന കാര്യങ്ങളാണ് പാഠഭാഗത്ത് ഉൾച്ചേർത്തിരിക്കുന്നത്. പണം കിട്ടാനായി എന്ത് ചെയ്യാനും മടിക്കാത്ത മനുഷ്യവർഗ്ഗത്തെ കണക്കറ്റ് വിമർശിക്കുന്ന നമ്പ്യാർ ആക്ഷേപഹസ്യത്തിൽ ചാലിച്ചു സാമൂഹ്യവിമർശനം നടത്തുന്നു.
പഠിതാക്കൾക്ക് പൂർണ്ണമായും ദൃശ്യകലാസാഹിത്യത്തിന്റെ സമസ്തമേഖലകളെയും സ്പർശിച്ചുകൊണ്ടുള്ള പഠനം സാധ്യമാക്കുന്ന പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നതായി കണ്ടെത്താൻ കഴിഞ്ഞു. നൂറ്റാണ്ടുകൾ ചരിത്രമുള്ള കൃഷ്ണനാട്ടം, കഥകളി, തുള്ളൽ എന്നീ ദൃശ്യകലകളുടെ രംഗ-വേഷവിധാന സംവിധാനങ്ങളെയും സാഹിത്യരൂപഘടനയെയും സവിശേഷതകളെയും മനസ്സിലാക്കുവാനും ആഴത്തിൽ പഠിക്കുവാനും പ്രസ്തുത പാഠഭാഗങ്ങൾ അത്യുത്തമമാണ്.
Comments
Post a Comment